So, which one do you think, is the best News Channel in India?

12 Apr 2017

DUEL (film: 1971- Steven Spielberg) ഡ്യുവൽ (അവലോകനം- by Rahul Sharma)

(Steven Spielberg) സ്റ്റീവൻ സ്പില്ബർഗിന്റെ ആദ്യ ചിത്രം. 1971 ൽ പുറത്തിറങ്ങി. (Dennis Webber) ഡെന്നിസ് വെബ്ബറിന്റെ അഭിനയവും (Jack A Marta) ജാക്ക് മാർട്ടയുടെ കാമറയും കൂടിയാവുമ്പോൾ "DUEL" ഒരു സംഭവമായി മാറുന്നു. 'I am Legend'  ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ മൂലകഥാരചയിതാവ് കൂടിയായ (Richard Matherson) റിച്ചാർഡ് മാതേർസൺ തന്റെ സുഹൃത്തുമായി 1963 നവംബർ 22നു (കൃത്യമായി പറഞ്ഞാൽ ജോൺ എഫ് കെന്നെഡി വെടിയേറ്റു മരിച്ച ദിവസം) അമേരിക്കയിലെ നെവാദ പ്രദേശത്തുകൂടെ കാറിൽ സഞ്ചരിച്ചപ്പോഴുണ്ടായ ഒരു വ്യക്തിപരമായ അനുഭവത്തിൽ നിന്നും ഊർജ്ജംകൊണ്ട് പില്ക്കാലത്ത് രചിച്ചതാണു ഈ കഥയത്രെ.
1 Hr 29 Min. ദൈർഖ്യം ഉള്ള ചിത്രതിന്റെ 90 ശതമാനവും കേവലമൊരു
 കാറും ഒരു ട്രക്കും തമ്മിലുള്ള ഗംഭീരമായ ചേയ്സ് സീക്വൻസുകളാണു. ഹോളിവുഡ് ബ്ലാക്ക് അൻഡ് വൈറ്റ് ക്ളാസ്സിക് കാലഘട്ടത്തിനു ശേഷം കളർ വിപ്ലവം ആയി, പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലിറങ്ങി തരംഗം സൃഷ്ടിച്ച ‘'വെർട്ടിഗോ“ പോലുള്ള ചിത്രങ്ങൾക്ക് ശേഷം ,കൗബോയ് ചിത്രങ്ങളുടെയും മറ്റും വാഴ്ചക്കാലത്ത് കേവലം ഒരു ട്രക്കും കാറും മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് പ്രേക്ഷകരെ ആദ്യാവസാനം മുൾമുനയിൽ നിർത്തുന്ന, ത്രില്ലടിപ്പിക്കുന്ന ഇത്തരമൊരു സിനിമ ചെയ്യാൻ സംവിധായകൻ കാണിച്ച ധൈര്യം അപാരം തന്നെ.  'വല്ലഭനു പുല്ലുമായുധം' എന്ന് പറയുന്നതുപോലെ മികച്ചൊരു കഥാതന്തു ഒരു നല്ല സംവിധായകനു ലഭിച്ചാൽ അതുവെച്ച് നല്ലൊരു സിനിമ ചെയ്യാൻ ജീവനുള്ള കഥാപാത്രങ്ങൾ പൊലും വേണമെന്നില്ല എന്നും, സിനിമ എന്ന കലാരൂപം കേവലം അഭിനേതാക്കളുടെ കുത്തകയല്ലെന്നും മറിച്ച്, സംവിധായകന്റെ പ്രാഗത്ഭ്യമാണെന്നും സ്പീല്ബർഗ് തന്റെ ആദ്യചിത്രമായ ഡ്യുവലിലൂടെ നിസ്സംശയം തെളിയിക്കുന്നു. ദൃശ്യവത്കരണകല അഥവാ 'The art of Visualization' എന്താണെന്നറിയാനും മറ്റും ഈ ചിത്രം ഒരു പഠനമാക്കുന്നതിൽ പോലും തെറ്റില്ല എന്നു ഞാൻ വിശ്വസിക്കുന്നു. ചെറിയ ചെറിയ പോരായ്മകൾ ഉണ്ടാവാമെങ്കിലും ഏകദേശം അര നൂറ്റാണ്ട് പഴക്കമുള്ള ഒരു ചിത്രമെന്ന നിലയിൽ നമുക്കതെല്ലാം മറക്കാവുന്നതാണു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് പിന്നീടിങ്ങോട്ട് ഹോളിവുഡിൽ മാത്രമല്ല, മലയാളസിനിമയുൾപ്പെടേയുള്ള ലോകസിനിമയിൽതന്നെ നിരവധി ചിത്രങ്ങൾ വേറേയും വന്നിട്ടുണ്ട്.
ഡെന്നിസ് വെബ്ബർ അവതരിപ്പിച്ച 'ഡേവിഡ് മാൻ' (David Mann) എന്ന നായക കഥാപാത്രമല്ലാതെ  മറ്റൊരു കഥാപാത്രവും സിനിമയിൽ ഏകദേശം 2 മിനിറ്റിലധികം രംഗത്ത് വരുന്നില്ല എന്നതാണു സത്യം. ആകെക്കൂടെ വളരെ കുറച്ചു സംഭാഷണങ്ങൾ മാത്രം. നായകന്റെയൊപ്പം ചുവന്ന PLYMOUTH കാറിൽ കാലിഫോർണിയൻ മരുഭൂമിയിലൂടെ പ്രേക്ഷകനും സഞ്ചരിക്കാനാവും എന്നത് തീർച്ച! ഭീകരമായ 'Build up' ഉള്ള ഒരു വില്ലനെയൊ, നെടുനീളൻ ഡയലോഗുകളിലൂടെയൊ, ഭീതിയുളവാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളായോ ഒരു വില്ലനെ ഈ പടത്തിൽ കൊണ്ടുവരുന്നില്ല. മറിച്ച്, മനുഷ്യജീവിതത്തിൽ പലപ്പോഴും വില്ലനായി വരുന്ന ‘സാഹചര്യങ്ങളെയും’ ‘വസ്തുക്കളെയും’ ഒക്കെയാണു സ്പീല്ബർഗ് ഇവിടെ വില്ലനായി അവതരിപ്പിച്ചിരിക്കുന്നത്. ഭീതി ഉളവാക്കുന്ന എന്തും ഭീകരം തന്നെ! 'Fear of the unknown'  അഥവാ എന്താണെന്നറിയാത്തതിനോടുള്ള, അത്തരം അനിശ്ചിതത്വത്തിനോടുള്ള ഭയം ആണു യഥാർഥ ഭയം എന്ന് പറയാതെ പറയുന്നുണ്ട് ഡ്യുവൽ. അത്തരത്തിൽ പറഞ്ഞാൽ മികച്ച വില്ലനുള്ള അവാർഡ് നേടുന്നത് ജീവനില്ലാത്ത അഭിനേതാവായ ട്രക്ക് ആയിരിക്കുമെന്ന് നിസ്സംശയം പറയാം! നായകകഥാപാത്രമായ ഡേവിഡ് മാനിന്റെ സ്വഭാവസവിശേശതകളിലേക്കൊന്നും സിനിമ കാര്യമായി വിരൽ ചൂണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണു.
കുറഞ്ഞ കഥാപാത്രങ്ങളിലൂടെ തന്റെ മനസ്സിലുള്ള ആശയം പ്രേക്ഷകരുമായി പങ്കുവെക്കുന്നതിൽ സ്പീല്ബർഗ് നൂറുശതമാനവും വിജയം കൈവരിച്ചു എന്നു തന്നെ പറയാം. “താൻ വന്നത്  ചുമ്മാതങ്ങു പോവാനല്ല” എന്ന് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അദ്ദേഹം തെളിയിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. അതും സാങ്കേതികവിദ്യകൾ ഇത്രയേറെ ഇല്ലാതിരുന്ന കാലത്ത്. ഏതൊരു സിനിമാസ്നേഹിയും, ത്രില്ലർ ആസ്വാദകനും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ. ഒരു പക്ഷേ അന്ന് സ്പീല്ബർഗ് ഇങ്ങനെ പറഞ്ഞു കാണും: “ ഞാൻ സ്പീല്ബർഗ്, സ്റ്റീവൻ സ്പീല്ബർഗ്; ബാക്കി ഈ ഡ്യുവൽ പറയും!” ബാക്കി ഇന്നും ലോകം പറയുന്നു, ലോകത്തോട് അദ്ദേഹവും!

- Rahul Sharma
Pic Courtesy: Internet

2 comments:

  1. Admiration note such a brilliant write up

    ReplyDelete
    Replies
    1. Thank you ji! Got to watch it last day only. I say, a must watch movie.

      Delete